Tumgik
creativepaste-blog · 5 years
Text
ഒരു പെണ്ണുകാണൽ
ഓർമ്മകൾ അയവിറക്കലുകൾ - ഒരു പെണ്ണുകാണൽ
Source: /r/Kerala
ഒരു പെണ്ണ് കാണൽ.. !
ഇരുപത്തിയഞ്ചു വയസ്സ് കഴിഞ്ഞപ്പോൾ ആണ് വീട്ടിൽ ആദ്യമായി എന്നോട് കല്യാണത്തെ കുറിച്ച് ചോദിക്കുന്നത്.. കോളേജിൽ പഠിക്കുമ്പോൾ എൻറെ ഒരു വിചാരവും പ്രതീക്ഷയും ഞാൻ ഒരു 26-27 വയസ്സാകുമ്പോൾ തന്നെത്താൻ ഒരു പെണ്ണിനെ കണ്ടു പിടിക്കുമെന്നും അല്ലെങ്കിൽ ആ സമയത്തു ഒരു ആലോചനകൾ വന്നു,  മനസ്സിനിഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ കണ്ടു പിടിക്കാൻ സാധിക്കും എന്നൊക്കെ ആയിരുന്നു.. എന്തു കൊണ്ടോ കോളേജ് കഴിഞ്ഞപ്പോഴേക്കും അങ്ങനെ ഒരു arranged ആയിട്ടുള്ള ഒരു സമ്പ്രദായത്തോടു പൊരുത്തപ്പെടാൻ ആകുമോ എന്നുള്ള സംശയം വന്നു തുടങ്ങി..
Anyway, അങ്ങനെ 25 വയസ്സ് കഴിഞ്ഞപ്പോൾ അപ്പൻ ചെറുതായിട്ട് കല്യാണത്തെ കുറിച്ച് ചോദിച്ചു തുടങ്ങി.. അപ്പൻ മാത്രമല്ല അപ്പന്റെ കൂട്ടുകാരും കുറച്ചു ബന്ധുക്കളുമൊക്കെ.."വരട്ടെ, ആലോചിക്കാം"എന്നൊക്കെ ഒഴിവു കഴവ് പറഞ്ഞെങ്കിലും, ഇത് കേട്ട പാതി അപ്പനും അപ്പന്റെ ശിങ്കിടികളും ഓരോരോ ആലോചനകൾ കൊണ്ട് വന്നു തുടങ്ങി.. അങ്ങനെ 1-2 മാസം കൂടുമ്പോൾ,   ഒന്നൊന്നായി കൂട്ടുകാരുടെ കല്യാണം കൂടാൻ വരുന്ന വേളയിൽ, വീട്ടിലുണ്ടാക്കുന്ന സമയം, വളരെ കാഷ്വൽ ആയി ഇരിക്കുന്ന സമയം അപ്പൻ "എടാ, ഇങ്ങനെ ഒരു ആലോചന വന്നിട്ടുണ്ട്,  നല്ല വീട്ടുകാർ ആണെന്ന് തോന്നുന്നു" എന്നൊക്കെ പറഞ്ഞു ഈ ആലോചനകൾ എൻറെ അടുത്ത് പറഞ്ഞു തുടങ്ങി.. ഞാൻ ആണെങ്കിൽ "ശെരി അപ്പാ, നമുക്ക് നോക്കാം" എന്നൊക്കെ പറഞ്ഞിട്ട് അപ്പോൾ തന്നെ സീൻ കാലിയാക്കും.. ഇതൊരു ഒന്നു ഒന്നര വർഷം തുടർന്നപ്പോൾ അപ്പന് മനസ്സിലായി ഞാൻ മനഃപൂർവം സ്കൂട്ട് ആകുവാണെന്നു..
അങ്ങനെ ഒരു പ്രാവശ്യത്തെ അവധിക്കു നാട്ടിൽ ഉള്ള സമയം.. എന്തു കൊണ്ടോ അന്ന് ഉച്ചഭക്ഷണം വീട്ടിൽ നിന്നാണ് കഴിച്ചത്.. സാധാരണ എൻറെ അവധികൾ ഏതേലും കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ കല്യാണദിവസത്തിനു അനുസരിച്ചു ആയിരിക്കും.. അപ്പോൾ അന്ന് വീട്ടിൽ വൈകുന്നേരം വര കാണില്ല, അല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണം കൊണ്ട് ഞാൻ വെളിയിൽ കറങ്ങാൻ പോയിരിക്കുക ആയിരിക്കും.. എന്തായാലും അന്ന് ഒരു പരിപാടിയും ഉണ്ടായിരുന്നില്ല.. ഭക്ഷണം കഴിച്ചു വയറു ഫുൾ ആയി സോഫയിലേക്ക് കിടന്നപ്പോൾ ആണ് അപ്പന്റെ വക ചോദ്യം..
"എന്താ നിന്റെ ഉദ്ദേശം? ഇങ്ങനെ നടന്നാൽ മതിയോ? "
"എന്താ എൻറെ നടത്തിത്തിനു ഇപ്പോൾ ഒരു കുഴപ്പം?? " അപ്പന്റെ ചോദ്യത്തിന്റെ അർത്ഥം പിടികിട്ടിയെങ്കിലും ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ എന്നഭിനയിച്ചു ഞാൻ തിരിച്ചു ചോദിച്ചു..
"അതല്ലെടാ പോത്തേ.. നിനക്കു കല്യാണം കഴിക്കണ്ടേ, ഒരു കൂട്ടു വേണ്ടേ? "
"വേണം പപ്പാ.. പക്ഷെ എന്തിനാ ഇത്ര ധിറുതി? ഞാൻ വെറും കുട്ടി അല്ലെ "
"കാള പോലെ വളർന്ന നീ ആണോടാ കുട്ടി..? എടാ, ഇതിനൊക്കെ ഒരു നേരവും പ്രായവും ഉണ്ട്.. ചെറുപ്പത്തിൽ കല്യാണം കഴിച്ചാൽ വയസ്സാകുമ്പോൾ ഫ്രീ ആകാം..."
"അല്ല പപ്പാ, എനിക്കിപ്പോൾ 26 ആയതേ ഉള്ളു.. ഭാവിയിൽ ഫ്രീ ആക്കാൻ ഞാൻ ഇപ്പോഴേ എൻറെ ഫ്രീഡം കളയണോ? അല്ലേൽ തന്നെ പപ്പാ തന്നെ 29 വയസ്സായപ്പോൾ അല്ലെ കെട്ടിയതു.. എന്തേലും കുഴപ്പം ഉണ്ടായോ?  ഇല്ലല്ലോ?? "
"എടാ, അത് പിന്നെ അന്തകാലം.. ഇപ്പോൾ നിന്റെ പ്രായത്തിലുള്ളവർ എല്ലാം കെട്ടികൊണ്ടിരിക്കുവാണ്.. അതുമല്ല ഇപ്പോൾ കെട്ടിയാൽ മുതുക്കനെ കെട്ടേണ്ടി വന്നു എന്നുള്ള ഭാര്യയുടെ പീഡനം പിനീട് ഒഴിവാക്കാം.."
അവസാനത്തെ ഡയലോഗ് കേട്ട മാത്രേ അടുക്കളയിൽ പാത്രം കഴുകുവാണെന്ന വ്യാജേന എൻറെ അപ്പന്റേം സംഭാഷണം കേട്ടോണ്ടിരുന്ന അമ്മ ഓടി എത്തി..
"ഇത് എന്നെ ഉദ്ദേശിച്ചു പറഞ്ഞതാണ്.. എന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് " അല്ലെങ്കിലും ആവശ്യത്തിനും അനാവശ്യത്തിനും സിനിമ ഡയലോഗുകൾ പ്രയോഗിക്കുക അമ്മയുടെ ഒരു രീതി ആണല്ലോ..
"അതെ,   കുട്ടനേം ഉദ്ദേശിച്ചു പറഞ്ഞതാണ്.. പറഞ്ഞതിനേക്കാൾ ഒരു വയസ്സ് കൂടി എന്ന് പറഞ്ഞു കഴിഞ്ഞ 30 വർഷമായിട്ടു കുറ്റം പറയുന്നില്ലേ??  '
അപ്പൻ പറഞ്ഞത് ശെരിയാണ്..  അപ്പന്റേം അമ്മേടേം കല്യാണം ആലോചിക്കുമ്പോൾ അപ്പന് 28 വയസ്സ്, അമ്മക്ക് 21 വയസ്സ്.. പക്ഷെ ആലോചിച്ചു ഉറപ്പിച്ചു കല്യാണം നടന്നതിന്റെ ഒരാഴ്ച മുന്നേ അപ്പന്റെ 29ആം പിറന്നാൾ ആയിരുന്നു.. ഇങ്ങനെ ഒരു കൊടുംചതി നടത്തി അമ്മയെ പറ്റിച്ചു കെട്ടിയതാണെന്നുല്ല തമാശക്കുള്ള കുത്തുവാക്ക് എനിക്ക് ഓർമ ഉള്ളപ്പോൾ തൊട്ടു തന്നെ അമ്മയുടെ വായിൽ നിന്നു ഞാൻ കേട്ടിട്ടുണ്ട്..
എന്തായാലും കിട്ടിയ അവസരത്തിൽ അമ്മയെയും അപ്പനേം  തമ്മിൽ വഴക്കുണ്ടാക്കി വിഷയം മാറ്റാനുള്ള എൻറെ തന്ത്രം അത്ര വിജയിച്ചില്ല.. അപ്പൻ വീണ്ടും എന്നോട് പുതിയ ഒരു ആലോചനയെ കുറിച്ച് പറഞ്ഞു.. ലക്ഷണം കണ്ടിട്ട് അപ്പൻ എന്നെ വിടുന്ന ലക്ഷണം ഇല്ലാ.. അവസാനം ഞാൻ സത്യം പറയാൻ തീരുമാനിച്ചു..
"പപ്പാ.. തത്കാലത്തേക്ക് ആലോചനകൾ ഒന്നും വേണ്ടാ.. "
"അതെന്താ.. നീ കാര്യം പറ.. "
കർത്താവേ.. ഞാൻ അപ്പനോട് എങ്ങനെ കാര്യം പറയും.. സത്യം പറയാനുള്ള ധൈര്യക്കുറവല്ല,   അപ്പന്റെ അടുത്ത് എന്തു പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്.. പക്ഷെ ഇത് പറയാൻ കുറച്ചു ചമ്മലും നാണക്കേടും ആണ്.. എന്തായാലും ധൈര്യം സംഭരിച്ചു ഞാൻ പറയാൻ തീരുമാനിച്ചു..
"അല്ല പപ്പാ.. എനിക്ക് ഒരു പെങ്കൊച്ചിനെ  ഇഷ്ടമാണ്.. അത് കൊണ്ട് എനിക്ക് ഇപ്പൊ വേറെ ഒന്നും ആലോചിക്കാൻ പറ്റില്ല.. "
"അതെന്താ.. പെൺകൊച്ചു ക്രിസ്ത്യാനി അല്ലെ? "
"അല്ല, ക്രിസ്ത്യാനി അല്ലേൽ അപ്പൻ സമ്മതിക്കില്ലേ? ഈ കാലത്ത് ഇത്രേ ഒക്കെ നോക്കേണ്ട കാര്യം ഉണ്ടോ?" ആ ചോദ്യം കേട്ടപ്പോൾ എൻറെ ഉള്ളിലെ നവോഥാന നായകൻ ഉണർന്നു..
"അത് പിന്നെ നിനക്കിപ്പോൾ ഏത് പെണ്ണിനെ ഇഷ്ടമാണെന്ന് പറഞ്ഞാലും ഞാൻ കെട്ടിച്ചു തരും.. അല്ലാതെ നിന്നെ വീട്ടിൽ നിന്നു പുറത്താക്കി നീ ബസ് സ്റ്റാൻഡിൽ പോയി കിടക്കേണ്ടി വന്നാൽ എനിക്കാണ് നാണക്കേട്.. പക്ഷെ നമ്മുടെ മതത്തിലും സഭയിലും ഇത്രേമൊക്കെ പെണ്ണുങ്ങൾ ഉള്ളപ്പോൾ നീ വേറെ ഒരിടത്തു നിന്നു പെണ്ണിനെ കൊണ്ട് വരേണ്ട കാര്യം ഉണ്ടോ..പിന്നെ അവളുടെ വീട്ടുകാർക്കും നാട്ടുകാർക്കും ഇഷ്ടമല്ലെങ്കിൽ അതിന്റെ ബുദ്ധിമുട്ടുകൾ.. എന്തായാലും നീ കാര്യം പറ, എന്താ പെണ്ണിന് പ്രശ്നം.. "
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി.. ആകാംഷയോടെ അമ്മ എന്നെ നോക്കി നിൽക്കുവാന്..
"പെണ്ണിന് പ്രശ്നമൊന്നുമില്ല.. എന്തായാലും പപ്പാ ആ കാര്യത്തിൽ പേടിക്കേണ്ട..  പെണ്ണ് നമ്മുടെ ഓർത്തോഡോക്സുകാരി തന്നെ ആണ്"
കേട്ട മാത്രയിൽ അമ്മയുടെ മുഖം അങ്ങ് തെളിഞ്ഞു.. "സെറീന ആണോടാ പെണ്ണ്? "
"അതെ"
അപ്പൻ ഉടനെ അമ്മയുടെ മുഖത്തേക്ക് നോക്കി "കുട്ടന് എങ്ങനെ അറിയാം? "
"അത് പിന്നെ ഇവൻ ഇടയ്ക്കിടെ അവധിക്ക് വരുമ്പോൾ അവളെ കാണാൻ അല്ലെ പോയിട്ടുള്ളത്.. 2 മാസം ഇവിടെ ഒരു പെൺകൊച്ചു വന്നില്ലേ.. അതാണ് പെണ്ണ്.. അപ്പോഴേ എനിക്ക് തോന്നിയതാ ഇവര് തമ്മിൽ എന്തോ ഉണ്ടെന്നു..  പിന്നെ ഇപ്പോഴത്തെ പിള്ളേർ അല്ലെ.. ചോദിച്ചാൽ എല്ലാരും ഫ്രണ്ട്സാണ് എന്ന് പറയുക.. "
"എന്നാൽ പിന്നെ,  നമ്മുക്ക് ആലോചിക്കാമെടാ.." അപ്പൻ ഉഷാറായി..
"അല്ല പപ്പാ, വേറെ ഒരു പ്രശ്നമുണ്ട്.. "
"എന്താ അവളുടെ വീട്ടിൽ സമ്മതമല്ലേ? നമ്മള് പോയി സംസാരിക്കണോ? വേണേൽ പോകാമെടാ.. അതിനെന്താ.. "
"അതല്ല പപ്പാ, അവൾക്കു എന്നെ അങ്ങനെ ഇഷ്ടമല്ല.. "
"ങേ.. നീ അല്ലെ പറഞ്ഞത് ഇഷ്ടമാണെന്ന്.. " അപ്പനും അമ്മയും  ആകെ കൺഫ്യൂഷൻ ആയി..
"അതെ,  എനിക്കിഷ്ടമാണല്ലോ.. പക്ഷെ അവൾക്കു അങ്ങനെ ഒരു താല്പര്യമില്ല.. അവൾക്കു എന്നെ അങ്ങനെ കാണാൻ പറ്റില്ല,  ഫ്രണ്ട് ആയി കണ്ടു പോയി എന്ന് "
"നീ ഇതിനെക്കുറിച്ചു അവളോട് സംസാരിച്ചോ?  അവൾ എന്താ പറഞ്ഞെ? "
"സംസാരിച്ചോണ്ടല്ലേ ഈ ഉത്തരം കിട്ടിയേ.. എനിക്കാണേൽ ആ ഇഷ്ടം ഉള്ളത്കൊണ്ട് ഇപ്പോൾ വേറെ ഒരു പെണ്ണിനേം നോക്കാനും വയ്യ.. എന്തു ചെയ്യണം പപ്പാ? "
"ഇതാണ് അവസ്ഥ എങ്കിൽ വിട്ടു കളയെടാ.. നിർബന്ധിച്ചു സ്നേഹിപ്പിക്കാൻ ഒന്നും നമ്മളെ കൊണ്ട് പറ്റില്ല.. നീ എന്തായാലും തീരുമാനിക്ക്.. നീ എന്ന് റെഡി ആകുന്നോ അന്ന് നിനക്കു കല്യാണം ആലോചിക്കാം.. പക്ഷെ നീ ഒത്തിരി നാള് വെച്ചു നീട്ടരുത്.."
അങ്ങനെ ആ ദിവസം എൻറെ കല്യാണാലോചനകൾ നിന്നു.. പിന്നീട് അപ്പന്റെ കൂട്ടുകാരും ബന്ധുക്കളും എൻറെ മുന്നിൽ വെച്ചു അപ്പനോട് കല്യാണ കാര്യം ചോദിക്കുമ്പോൾ "അവൻ റെഡി അല്ല.. ആകുമ്പോൾ ആലോചിക്കാം" എന്ന് പറഞ്ഞു അപ്പൻ തന്നെ ആ സംഭാഷണങ്ങൾ അവസാനിപ്പിച്ചു..
ഭാഗം 2
കുറെ മാസങ്ങൾ കടന്നു പോയി.. വീണ്ടും കൂട്ടുകാരുടെ കല്യാണം കൂടാൻ വേണ്ടി ഞാൻ ചെന്നൈയിൽ നിന്നു നാട്ടിലേക്ക് അവധി എടുത്തു വരും.. ഞാൻ അടുത്ത കാലത്തെങ്ങും നന്നാകില്ല എന്ന് തോന്നിയത് കൊണ്ടാകും മോൻ കെട്ടിയിട്ടു മരിക്കണം എന്നുള്ള അത്യാഗ്രഹം ഉപേക്ഷിച്ചു അപ്പൻ ഇഹലോകവാസം വെടിഞ്ഞു.. ഒരു വലിയ ഭൂമികുലുക്കം ഉണ്ടായി കഴിയുമ്പോൾ ഉള്ള തുടർചലനങ്ങൾ പോലെ പിന്നെ ഉള്ള 1-2 വർഷങ്ങൾ എനിക്ക് മൊത്തത്തിൽ ഒരു പൊക ആണ്.. വിഷമവും ദേഷ്യവും നിരാശയും പകയും നഷ്ടബോധവും കുറ്റബോധവും എല്ലാം കൂടി മനസ്സിൽ വിങ്ങി നിറഞ്ഞു നിന്നൊരു അവസ്ഥ..
അപ്പൻ മരിച്ചതിന്റെ പുകപടലങ്ങൾ ഒന്നു അടങ്ങി വന്നപ്പോഴേക്കും എന്നെ കെട്ടിച്ചു വിടണം എന്നുള്ള ഉത്തരവാദിത്തം അമ്മ സ്വമേധയാ ഏറ്റെടുത്തു.. പക്ഷെ അപ്പോഴും എൻറെ മനസ്സ് ഒരു കല്യാണം കഴിക്കാൻ സജ്ജമല്ലായിരുന്നു.. പണ്ട് അപ്പനോട് ഒഴിവുകഴവ് പറഞ്ഞത് പോലെ അമ്മയോടും പറഞ്ഞു തുടങ്ങി.. എന്തായാലും ആ സമയത്തു തന്നെ അമേരിക്കയിലേക്കുള്ള വിസ റെഡി ആയതു കൊണ്ട് ഇപ്പോൾ ആലോചിച്ചാലും കെട്ടാൻ സമയം ഇല്ലാ എന്ന് പറഞ്ഞു ഞാൻ ആലോചനകൾക്കു വിരാമമിട്ടു..
അങ്ങനെ അമേരിക്കയിലെത്തി.. ചെന്നൈയിൽ അത് വരെ കൂട്ടുകാരുമൊത്തു ജീവിച്ച ഞാൻ അമേരിക്കയിലെ വൺ ബെഡ്റൂം അപ്പാർട്മെന്റിലെ ഒറ്റക്കുള്ള ജീവിതം ആസ്വദിച്ചു തുടങ്ങി.. കുറച്ചു മലയാളികൾ മാത്രമുള്ള സ്ഥലമാണെങ്കിലും വളരെ സ്നേഹവും സൗഹൃദവും ഉള്ള ഒരു കൊച്ചു കൂട്ടം മലയാളികളുടെ കൂട്ടത്തിൽ ഞാനും ഒരംഗമായി.. പിന്നെ എൻറെ ഒരു രാശി വെച്ചിട്ട് കണ്ടു മുട്ടാൻ ഒരു പെണ്ണ് പോയിട്ട് എൻറെ പ്രായത്തിലുള്ള ഒരൊറ്റ ബാച്ലർ ചങ്ങാതി പോലും ഇല്ലാ.. ഒറ്റക്കുള്ള ജീവിതത്തിൽ എപ്പോഴെക്കെയോ ഇനി ഒരു കൂട്ടാകാം എന്ന് ചിന്തിച്ചു തുടങ്ങി.. എന്നാൽ ഞാനും ഒരു പെണ്ണുമായി ഒത്തു പോകുമോ എന്ന പേടിയും.. അങ്ങനെ ഒന്നര വർഷത്തിന് ശേഷം ആദ്യമായി നാട്ടിലേക്ക് വരാൻ പ്ലാൻ ചെയ്തു.. ഒരു 4 മാസം മുന്നേ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ തന്നെ അമ്മ വീണ്ടും കല്യാണക്കാര്യം എടുത്തിട്ടു.. ആലോചിച്ചോളൂ എന്നുള്ള എൻറെ അപ്രതീക്ഷിതമായ മറുപടിയിൽ ആവേശഭരിതയായ അമ്മ അടുത്ത ആഴ്ച തന്നെ പത്ര പരസ്യം കൊടുത്തു തുടങ്ങി, കൂട്ടത്തിൽ മാട്രിമോണിയൽ പ്രൊഫൈലും ഒന്നും പുതുക്കി..
അങ്ങനെ ഒരു ജൂലൈ മാസം ഞാൻ നാട്ടിൽ എത്തി.. എൻറെ അവധിക്കനുസരിച്ചു നേരത്തെ അവധി എടുത്തു ചേച്ചിയും ആ സമയത്തു വീട്ടിൽ ഹാജർ..  മൂന്നു നാള് ദിവസങ്ങൾക്കു ശേഷം അങ്ങനെ അമ്മയും ചേച്ചിയും കൂടി ഷോർട്ലിസ്റ് ചെയ്തു വെച്ച ഒരു ആലോചന മുന്നോട്ടു വെച്ചു.. തിരുവല്ല അപ്പുറം ആണ് വീട്.. പെൺകുട്ടി ജനിച്ചു വളർന്നു ഡിഗ്രിയും മാസ്റ്റേഴ്സും ചെയ്തത് നോർത്ത് ഇന്ത്യയിൽ ആണേലും ഇപ്പോൾ അമേരിക്കയിൽ ആണ്.. പണ്ട് അമ്മാവൻ അമേരിക്കയിൽ പോയി ഫയൽ ചെയ്ത ഗ്രീൻകാർഡ് ആ കുടുംബത്തിന് മൊത്തം കിട്ടിയത് ഈയിടെക്കാണ്.. പെൺകുട്ടി ആദ്യമായി അമേരിക്കയിൽ 4 മാസങ്ങൾക്കു മുന്നേ എത്തി 2 മാസങ്ങൾക്കു ശേഷം നാട്ടിൽ വന്നിരിക്കുക ആണ് ചെക്കനെ കണ്ടു പിടിക്കാൻ..
പെൺകുട്ടിയുടെ ആകെ കണ്ട ഒരു ഫോട്ടോ എനിക്ക് ബോധിച്ചില്ലെങ്കിലും  നേരിട്ട് കണ്ടാൽ ചിലപ്പോൾ ബോധിക്കുമായിരിക്കും എന്നും,  പ്രാക്ടിക്കൽ ആയി ചിന്തിക്കാൻ പഠിക്കണം എന്ന് തോന്നിയത് കൊണ്ടും,  നേരിട്ട് കണ്ടു സംസാരിച്ചു ഒരു സുഖം തോന്നിയാൽ പിന്നെ മുന്നോട്ടു പോകാം എന്നുള്ള വിശ്വാസത്തിലും  ഞാൻ എന്നാൽ പോയി പെണ്ണ് കണ്ടേക്കാം എന്ന് വിചാരിച്ചു.. ഒരു ശനിയാഴ്ച അങ്ങനെ അവരെ വിളിച്ചു,  ഉച്ച കഴിഞ്ഞു അവരുടെ വീട്ടിലേക്കു എത്താമെന്ന് എന്ന് പറഞ്ഞു..
അങ്ങനെ ശനിയാഴ്ച ഉച്ച തിരിഞ്ഞു ഞാനും അമ്മയും ചേച്ചിയും 4 വയസ്സുള്ള അനന്തരവളും കൂടി പെൺവീട്ടിലേക്കു തിരിച്ചു.. അളിയൻ കൂടെ വരാമെന്നു പറഞ്ഞു നിർബന്ധിച്ചെങ്കിലും പാവം പിടിച്ച അളിയനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു അളിയനോട് വരേണ്ട എന്ന് പറഞ്ഞു.. അങ്ങനെ ഒരു ഉച്ച കഴിഞ്ഞു 3 മണിയോടെ അഡ്രസ് തപ്പി പിടിച്ചു പെൺവീട്ടിലെത്തി..
വീടിനു മുന്നിൽ സ്വീകരിക്കാൻ പെണ്ണിന്റെ അപ്പനും അപ്പന്റെ ജ്യേഷ്ടനും പിന്നെ അവരുടെ വകയിലെ വേറൊരു ജ്യേഷ്ഠനും.. അവരോടു സംസാരിച്ചു അകത്തേക്ക് കയറിയപ്പോൾ അവരുടെ ഭാര്യമാരും പിള്ളേരും അയലത്തുകാരും എല്ലാം കൂടി ഒരു 15 പേർ.. അപ്പോൾ തന്നെ ഞാൻ ഒന്നു പരുങ്ങി.. സംഘബലം കാണിക്കാൻ ഉള്ള വേദി ആയിരുന്നെങ്കിൽ അളിയനെ കൂടെ കൂട്ടാമായിരുന്നു..
സ്വീകരണമുറിയിൽ ഇരുന്ന എൻറെ മുന്നിലേക്ക് പലഹാരങ്ങളുടെ ഒരു നിര.. ഭക്ഷണപ്രിയനായ എന്നെ പരീക്ഷിക്കാൻ ഉള്ള ഒരു സൈക്കളോജിക്കൽ മൂവ് ആണോ എന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല.. അമ്മയും ചേച്ചിയും വീട്ടിലെ സ്ത്രീജനങ്ങളോട് സംസാരിച്ചു കൊണ്ട് ഡൈനിങ്ങ് മേശയുടെ ചുറ്റും ഇരുന്നു.. പെണ്ണിന്റെ അപ്പനും ബന്ധുക്കളും അമേരിക്കൻ ഗ്രീൻ കാർഡ് വിശേഷങ്ങളും ഒക്കെ പറഞ്ഞോണ്ട് എൻറെ അടുത്ത് എന്തൊക്കെയോ ചോദിച്ചോണ്ടിരുന്നു.. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും പെണ്ണിനെ കാണാനില്ല.. ചായ ആൾറെഡി തന്നത് കൊണ്ട് അങ്ങനെ ഒരു ഡ്രാമാറ്റിക് എൻട്രൻസ് ഞാനൊട്ടു പ്രതീക്ഷിക്കുന്നുമില്ല.. പെൺകുട്ടി എന്തിയെ എന്ന് എനിക്ക് ചോദിക്കണം എന്നുണ്ടെങ്കിലും ചോദിച്ചാൽ അതൊരു അപമര്യാദ ആണോന്നു അറിയാത്തതു കൊണ്ട് ചോദിച്ചില്ല.. ആകെ ഉള്ള ആശ്വാസം എൻറെ അനന്തരവൾ ഹന്നകുട്ടി  ഇതൊന്നും മൈൻഡ് ചെയാതെ എൻറെ സൈഡിൽ എന്നെ പിച്ചിയും മാന്തിയും ഇരിപ്പുണ്ട്.. ഞാൻ നോക്കുമ്പോൾ അമ്മ വളരെ നാൾ കൊണ്ട് കണ്ടാ ബന്ധുക്കളോട് എന്ന പോലെ സ്ത്രീജനങ്ങളോട് സംസാരിക്കുന്നു.. എങ്ങനെയോ ഇടക്കൊന്നു ഇടകണ്ണിട്ടു ചേച്ചിക്കൊരു സിഗ്നൽ കൊടുത്തു.. കാര്യം മനസ്സിലാക്കിയ ചേച്ചി "മോൾ എന്തിയെ? " എന്ന് വീട്ടുകാരോട് ചോദിച്ചു..
"മോളെ ഇങ്ങോട്ട് വാ" പെൺകുട്ടിയുടെ അപ്പൻ ഉറക്കെ വിളിച്ചു..
അപ്പുറത്തുള്ള മുറിയിൽ നിന്നു പെൺകുട്ടി ഞങ്ങളുടെ മുന്നിലേക്ക് എത്തി,  അപ്പന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു.. സത്യം പറയാമല്ലോ, ഇത്രേം മോശമായി ചുരിദാർ എങ്ങനെ ധരിക്കാം അന്നെനിക്ക് മനസ്സിലായി.. പെൺകുട്ടി ഇടയ്ക്കു ഒന്നു എന്നെ നോക്കിയെങ്കിലും,  ഒരു ചിരി പ്രതീക്ഷിച്ച എന്നെ നിരാശയിലാക്കി കൊണ്ട്,  തല കുനിച്ചു കാൽമുട്ടുകൾ വിറപ്പിച്ചോണ്ടു അവിടെ ഇരുന്നു.. എനിക്കാണേൽ ഇതെല്ലാം കണ്ടിട്ട് ആകെപ്പാടെ ഒരു അസ്കിത..അതിനിടക്ക് "മോൾക്ക് ഇവിടം ഇഷ്ടമാണോ" എന്ന ചോദിച്ച ചേച്ചിയോട് ഒരു ദാക്ഷിണ്യവുമില്ലാതെ "അല്ലാ.... !!!" എന്ന പെങ്കൊച്ചിന്റെ മറുപടിയും കേട്ടപ്പോൾ ഞാൻ പകച്ചില്ലെന്നു പറഞ്ഞാൽ അതൊരു കള്ളമാകും..
എന്തായാലും ഇത്രേം വന്ന സ്ഥിതിക്ക് കൊച്ചിനോട് സംസാരിച്ചു നോക്കാതെ പിന്മാറാൻ എനിക്കും മനസ്സ് വന്നില്ല.. "ഞങ്ങൾക്ക് ഒന്നു സംസാരിക്കാൻ സ്ഥലം തരാമോ" എന്ന് ചോദിച്ച മാത്രയിൽ, പെൺകുട്ടി എഴുന്നേറ്റു "നമുക്ക് പുറത്തെ മുറ്റത്തോട്ടു പോകാം" എന്ന് പറഞ്ഞു എഴുന്നേറ്റു.. പെൺകുട്ടിയുടെ വീട്ടുകാരുടെ മുഖത്തു അപ്പോൾ ഒരു ��കപ്പു കണ്ടെങ്കിലും തോന്നലായിരിക്കും എന്ന് ഞാൻ വിചാരിച്ചു.. എനിക്ക് എന്തായാലും കുറച്ചു  ആശ്വാസമായി.. അപ്പോൾ കുട്ടിക്കും സംസാരിക്കണം എന്നുണ്ട്..
ഞങ്ങൾ രണ്ടു പേരും അങ്ങനെ വീടിന്റെ പുറത്തേക്കിറങ്ങി.. ഇറങ്ങിയപ്പോൾ തന്നെ ഞാൻ ചോദിച്ചു.. "Are you nervous?"
"Yeah.. a bit"
"എൻറെ അടുത്തു nervous ആകേണ്ട കാര്യമില്ല.. ഇത് എൻറെ ആദ്യത്തെ പെണ്ണുകാണൽ ആണ്.. പുറത്തു ഞാൻ കാണിച്ചില്ലേലും എനിക്കും ടെൻഷൻ ഉണ്ട്. "
ഇത് കേട്ടപ്പോഴേക്കും പെൺകുട്ടിയുടെ വലിഞ്ഞു മുറുകിയ മുഖപേശികൾ ഒക്കെ ഒന്നു അയഞ്ഞു..
സിറ്റുവേഷൻ ഒന്നു ലഘൂകരിക്കാം എന്ന് വിചാരിച്ചു ഞാൻ തന്നെ അങ്ങോട്ട് "എന്നെ കുറിച്ച് എന്തേലും അറിയണമെന്നുണ്ടെങ്കിൽ  എന്തും ചോദിക്കാം.." എന്ന് പറഞ്ഞു..
കേട്ട മാത്രയിൽ തറപ്പിച്ചൊരു ഒരു ചോദ്യം.. "ബ്ലോഗ് എഴുതാറുണ്ടോ? "
ചോദ്യം കേട്ടു ഞാൻ ഒന്നു ഞെട്ടി..ഇങ്ങനെ ഒരു ചോദ്യമല്ല ഞാൻ പ്രതീക്ഷിച്ചതു.. എൻറെ ജോലി,  കൂലി, പഠിത്തം ഇതിൽ ആയിരിക്കും തുടക്കം എന്നാണ് പ്രതീക്ഷിച്ച.. മാത്രമല്ല ഞാൻ എന്തേലും എഴുതിയിട്ടുണ്ടെൽ അത് ജോലി ചെയ്യുന്ന കമ്പനിക്കുള്ളിൽ മാത്രം ആണ്,  പുറംലോകം അറിയാൻ യാതൊരു വഴിയും ഇല്ലാ..
"വല്ലപ്പോഴും, ഇപ്പോൾ അങ്ങനെ എഴുതാറില്ല.. പണ്ട് ചുമ്മാ എന്തൊക്കെയോ എഴുതീട്ടുണ്ടു.. How did you know? "
"കൂട്ടുകാരുടെ കല്യാണത്തിന് ഫോട്ടോ എടുക്കാലാണോ പണി? " അപ്പോഴേക്കും അടുത്ത ചോദ്യം.. എൻറെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ലെങ്കിലും അടുത്ത ചോദ്യം എനിക്കുള്ള ഉത്തരം ആയിരുന്നു.. അപ്പോൾ അതാണ് കാര്യം.. പെൺകൊച്ചു എൻറെ ഫേസ്ബുക് പ്രൊഫൈൽ അരിച്ചു പെറുക്കിയിട്ടുണ്ട്..അപ്പോഴേക്കും fb ഉപയോഗിക്കുന്നത് ഞാൻ നിർത്തിയെങ്കിലും അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടില്ലാത്തോണ്ട് ആർക്കും ഇപ്പോഴും എല്ലാം കാണാം..
"അങ്ങനെ ഒന്നുമില്ല.. കൂട്ടുകാരുണ്ട്, ഫോട്ടോ എടുക്കുന്നത് ഇഷ്ടമാണ്.. അത് കൊണ്ട് പോകുമ്പോൾ അവരുടെ കല്യാണം എൻറെ രീതിയിൽ കുറെ കവർ ചെയ്യും.."
"ബുള്ളറ്റിൽ കറങ്ങൽ ആണോ പരുപാടി? " അപ്പോഴേക്കും അടുത്ത ചോദ്യം.. പണ്ട് കോളേജിലെ പ്രിൻസിപ്പൽ ചോദ്യം ചെയ്തപ്പോൾ പോലും ഇത്ര പരുഷമായിരുന്നില്ല..
"ബുള്ളറ്റ് പണ്ട് തൊട്ടേ ഉണ്ട്.. നാട്ടിൽ ഉണ്ടായിരുന്നപ്പോൾ യാത്ര ഇഷ്ടമായിരുന്നു"
"ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലണ്ടിലേക്കു മാറാൻ റെഡി ആണോ? " ചോദ്യം ഇന്ത്യ വിട്ടു അമേരിക്കയിലേക്ക് എത്തി..
അപ്പോഴേക്കും എൻറെ ക്ഷമയും കുറച്ചു നശിച്ചു.. ചോദ്യത്തെക്കാൾ ഉപരി അതിന്റെ ടോൺ ആയിരുന്നു എനിക്കങ്ങോട്ടു പിടിക്കാഞ്ഞത്..
"മാറുന്നതിൽ കുഴപ്പമില്ല.. പക്ഷെ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലം എനിക്ക് ഇഷ്ടമാണ്.. വലിയ തിരക്കുകൾ ഇല്ലാത്ത ഒരു കൊച്ചു നഗരം ആണ്.. ആട്ടെ, ന്യൂയോർക്കിൽ എവിടെയാ ജോലി? "
"ഐ ആം സ്റ്റിൽ ലൂകിംഗ് ഫോർ a ജോബ്.. ഐ  ഡോണ്ട് വാണ്ട് ടു മൂവ് ഔട്ട് ഓഫ് ന്യൂയോർക്.."
ജാടതെണ്ടി.. അമേരിക്കയിൽ ആകെ ഒന്നര മാസം ജീവിച്ചപ്പോൾ തന്നെ ന്യൂയോർക് വിട്ടു പോകാൻ പറ്റില്ലെന്ന്.. ഉറക്കെ ഇത് പറയണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടേലും ഞാൻ കേട്ടോണ്ട് നിന്നു..  പിന്നീടും ആ പെൺകൊച്ചു എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കുകയും എന്നോട് എന്തൊക്കെയോ പറയുകയും ചെയ്തു.. അപ്പോഴേക്കും ഞാൻ പകുതി മൈൻഡ് ഔട്ട് ആയോണ്ട് എൻറെ തലയിലേക്ക് അതൊന്നും രജിസ്റ്റർ ആയില്ല..
"ഐ കനോട് ടേക്ക് എ ഡിസിഷൻ നൗ.. ഐ വാണ്ട് ടു ടോക്ക് വിത്ത് യു ഫോർ ടു ത്രീ മോന്ത്സ് ബിഫോർ ഐ സെ യെസ്.. "
ഈ തരം വർത്തമാനം 2-3 മാസം പോയിട്ട് 2 മണിക്കൂർ തന്നെ സഹിക്കാൻ ഉള്ള ക്ഷമ എനിക്കുണ്ടാവാനുള്ള സാധ്യത വളരെ കുറവായോണ്ട് തന്നെ ഞാൻ അപ്പോഴേക്കും പറഞ്ഞു..
"ഐ ഡോണ്ട് തിങ്ക് ദാറ്റ് ഈസ് നെസസ്സറി.. ഐ വിൽ ലെറ്റ് യു നോ ലേറ്റർ ഇഫ് ഐ വാണ്ട് ടു ടോക്ക് വിത്ത് യു.. If you have no more questions to ask, lets go back inside.." എന്നും പറഞ്ഞോണ്ട് ഞാൻ തിരിച്ചു നടന്നു..
വീട്ടിലേക്കു കയറിയപ്പോൾ തന്നെ അമ്മയും ചേച്ചിയും ഇറങ്ങാൻ റെഡി ആയിട്ട് എഴുന്നേറ്റിരുന്നു.. പെങ്കൊച്ചിന്റെ ബന്ധുക്കളോട് സംസാരിച്ചിട്ട് വിളിച്ചു പറയാം എന്ന് പറഞ്ഞു ഞങ്ങൾ തിരികെ കാറിൽ കയറി..
വണ്ടി ഓടി തുടങ്ങി അടുത്ത ജംഗ്ഷൻ എത്തുന്ന വരെ വണ്ടിയിൽ ഒരു മൂകത.. അമ്മയും ചേച്ചിയും എന്തോ കുശുകുശുക്കുന്നുണ്ട്.. എനിക്ക് കേൾക്കാൻ പറ്റുന്നില്ല... എൻറെ മനസ്സിൽ ചെറിയ ഒരു പേടി ഉണ്ട്.. പെണ്ണിനെ കണ്ടു അവർക്ക് ഇഷ്ടപെട്ടാൽ പിന്നെ എൻറെ നേർക്കു കൂടുതൽ ചോദ്യം വരും..
"എന്തു തോന്നുന്നു? " ഞാൻ ചോദിച്ചു..
അമ്മ മടിച്ചു മടിച്ചു " നിനക്കു ഇഷ്ടപെട്ടാൽ നോക്കാം.. ഇല്ലേൽ വേണ്ടാ.. "
അപ്പോഴാണ് എനിക്ക് ശ്വാസം ഒന്നു നേരെ വീണത്.. "എനിക്കും വേണ്ടാ.. ഇത് എന്നെ കൊണ്ട് താങ്ങ മുടിയാത്.. ഇനി നിങ്ങള് എന്നെ നിര്ബന്ധിക്കുമോ എന്നായിരുന്നു എൻറെ പേടി.. എന്തായാലും അതിലൊരു തീരുമാനമായി"
അങ്ങനെ ഒരു വാർഷിക പരീക്ഷ കഴിഞ്ഞ പോലത്തെ ആശ്വാസത്തിൽ റിലാക്സ് ചെയ്യാൻ ഞാൻ വണ്ടി ആലപ്പുഴ ബീച്ചിലേക്ക് തിരിച്ചു..
വാൽകഷ്ണം : ഇനിയും വേറെ പെണ്ണുകാണൽ കഥ ഉണ്ടോ എന്ന് ആർക്കെങ്കിലും സംശയം ഉണ്ടേൽ അതിനു ഇല്ലാ എന്നാണ് ഉത്തരം.. ഇത് വരെ ഇല്ലാ..!!
Author: ChinnaThambii
1 note · View note